ചിക്കന് ഫ്രൈ വിത്ത് റ്റൊമാറ്റോ (Title)

ഇതാദ്യമായാണ് ഞാന്‍ ഒരു ചിക്കെന്‍ റെസിപ്പി പോസ്റ്റ്‌ ചെയ്യുന്നത്. സാധാരണ ചിക്കന്‍ റെസിപ്പികളില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് ഇത്. വളരെ എളുപ്പം തയ്യാറാക്കാം. കുത്തിയിരുന്ന് സവാള അരിഞ്ഞു കരയണ്ട. 🙂 കാരണം ഇത് ‘സവാള ഫ്രീ’ ആണ്. കുറച്ചു പൊടികളും തക്കാളിയും ഉണ്ടെങ്കില്‍ ചുരുങ്ങിയ സമയത്തില്‍ തയ്യാറാക്കാം. ബാച്ചലെഴ്സിനു പറ്റിയ ഒരു ചിക്കന്‍ കറി ആണ്.

ചേരുവകള്‍

ഇളം ചിക്കന്‍ – അര കിലോ
മുളക്പൊടി – 4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
ഗരംമസാലപ്പൊടി – അര ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌ – അര ടീസ്പൂണ്‍
തക്കാളി – മൂന്ന്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 100 മില്ലി
കറിവേപ്പില – ഒരു തണ്ട്
വെള്ളം – അര കപ്പ്‌

പാകം ചെയ്യുന്ന വിധം

ചിക്കന്‍ വൃത്തിയാക്കി ഇടത്തരം കഷ്ണങ്ങള്‍ ആക്കുക. ഇതിലേക്ക് മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി അര മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വയ്ക്കുക. ഒരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചിക്കന്‍ കഷണങ്ങള്‍ അതിലേക്കു ചേര്‍ത്ത് ഇളക്കി ചിക്കന്‍ വേകുവാന്‍ മാത്രം വേണ്ടത്ര വെള്ളം ഒഴിച്ച് മൂടി വച്ച് വേവിക്കുക. ഗ്രേവി അധികം ആകരുത്.ചിക്കന്‍ പകുതി വേവാകുമ്പോള്‍ ഇടത്തരം കഷണങ്ങള്‍ ആക്കിയ തക്കാളി ഇതിലേക്ക് ചേര്‍ത്ത് വരട്ടി എടുക്കുക. തക്കാളി നന്നായി വെന്തുടഞ്ഞു ചിക്കന്‍ കഷ്ണങ്ങളില്‍ പിടിക്കണം. വെള്ളം വറ്റിയ ശേഷം വെളിച്ചെണ്ണ ഒഴിച്ച് ഗ്രേവി കുറുകുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കാം. ചപ്പാത്തി ചോറ് എന്നിവയുടെ കൂടെ വിളമ്പാം.



Leave a Reply

Your email address will not be published. Required fields are marked *