ഞങ്ങളുടെ മോന്‍ എപ്പോഴും ചോദിക്കും “അമ്മേ റെഡ് ചിക്കി കറി ആണോ ഒഗാതുന്നത് (ഉണ്ടാക്കുന്നത് എന്നാണ് അവന്‍ അര്‍ത്ഥമാക്കുന്നത്. )”
ചേരുവകള്
കോഴിയിറച്ചി – 1 kg
മഞ്ഞള്‍ പൊടി – ½ ടീസ്പൂണ്‍
മുളക്കു പൊടി – 1 സ്പൂണ്‍
മല്ലി പൊടി – 3 ടേബിള്‍സ്പൂണ്‍
ഗരം മസാല പൊടി – ½ – ¾ ടീസ്പൂണ്‍
ഇഞ്ചി ചതച്ചത് – 2 ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് – 2 ടീസ്പൂണ്‍
സവാള ഇടത്തരം – 2 എണ്ണം നീളത്തില്‍ അറിഞ്ഞത്
ടൊമാറ്റോ – 1 എണ്ണം നീളത്തില്‍ അറിഞ്ഞത്
തേങ്ങ എണ്ണ – 1 /4 കപ്പ്
കറിവേപ്പില – 2 തണ്ട്
പച്ചമുളക് – 2 എണ്ണം നീളത്തില്‍ കീറിയത്
ഉപ്പ് – ആവശ്യത്തിനു
വെള്ളം – ആവശ്യത്തിനു
കോഴിയിറച്ചി നല്ലതുപോലെ കഴുകി വൃത്തിയാക്കി മഞ്ഞളും ഉപ്പും പുരട്ടി വയ്ക്കുക.
ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ പകുതി എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഒരുപാടു മൂപ്പിക്കേണ്ട ആവശ്യം ഇല്ല. ചെറുതായി നിറം മാറി തുടങ്ങുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് പച്ച ചുവ മാറും വരെ വഴറ്റണം. ഇനി ഇതിലേക്ക് മല്ലി-മുളക്കു പൊടി ഇട്ട ശേഷം കരിഞ്ഞു പോകാതെ 1-2 മിനിറ്റ് ഇളക്കണം. കൂടുതല്‍ മൂത്ത്പോയാല്‍ രുചിയും, നിറവും മാറും. ഇനി പുരട്ടി വച്ചിരിക്കുന്ന ചിക്കന്‍ ഇതിലെക്കിട്ടു ഇളക്കി മസാല നന്നായി പിടിച്ച ശേഷം ആവശ്യത്തിനു വെള്ളവും ഒഴിച്ച് പാത്രം മൂടി തീ കുറച്ചു വേവിക്കണം. ഒരു 25 – 30 മിനിട്ടിനുള്ളില്‍ ചിക്കന്‍ വെന്തു കിട്ടും. ഇനി ഇതിലേക്ക് ഗരം മസാല, പച്ചമുളക്ക്, ടൊമാറ്റോ, അല്പം ഉപ്പും കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം, ബാക്കി എണ്ണയും ഒഴിച്ച് കറിവേപ്പിലയും ഇട്ട് തീ ഓഫാക്കി പാത്രം അല്‍പനേരം മൂടി വയ്ക്കണം. ആ ചൂടില്‍ ഇരുന്നു മസാലയും എണ്ണയും കരിവേപ്പിലയുടെ മണവും ഒക്കെ നന്നായി ചിക്കനില്‍ പിടിക്കട്ടെ.
ഈ കറി ചോറ്,ചപ്പാത്തി,അപ്പം, പത്തിരി ,നാന്‍, നെയ് ചോറ് എന്ന് വേണ്ട ബ്രെഡ്ഡിനോടോപ്പവും കഴിക്കാന്‍ വളരെ നല്ലതാണു.
ഇത് വളരെ സ്പൈസി ആയ ഒരു കറി ആണ്. എരിവു കുറച്ചു വേണ്ടവര്‍ അതനുസരിച്ച് മുളക്കു പൊടിയുടെ അളവ് കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യാവുന്നതാണ്.
Leave a Reply